Latest
August 3, 2017 at 5:35 pm

മണ്ണിനും മനുഷ്യനും വേണ്ടി ഉയര്‍ന്ന നീതിയുടെ സ്വരം

എസ്.സരോജം

”എന്‍റെ മരണത്തിനുശേഷമുള്ള കാര്യങ്ങളെക്കുറിച്ച് ഞാനാഗ്രഹിക്കുന്നത് ഇതാണ്; നിങ്ങള്‍ എന്നെ അടക്കംചെയ്യൂ, അവിടെ ഒരു മഹുവാച്ചെടി നടൂ.” എന്നേയ്ക്കുമായി ജീവിക്കാനാഗ്രഹിച്ച, ചിതയിലും ചിതാഭസ്മത്തിലും വിശ്വസിക്കാത്ത മഹാശ്വേതാദേവിയുടെ ആഗ്രഹം ഇതായിരുന്നു. ബ്രിട്ടീഷിന്ത്യയിലെ ഡാക്കയില്‍ 1926 ജനുവരി 14-ന് സാഹിത്യപശ്ചാത്തലമുള്ള ഒരു ഹിന്ദുബ്രാഹ്മണ കുടുംബത്തിലാണ് അവര്‍ ജനിച്ചത്. ഡാക്കയിലായിരുന്നു സ്‌കൂള്‍വിദ്യാഭ്യാസം. ഇന്ത്യാവിഭജനത്തെ തുടര്‍ന്ന് പശ്ചിമബംഗാളിലേക്ക് കുടിയേറി. ശാന്തിനികേതനിലെ വിശ്വഭാരതി സര്‍വ്വകലാശാലയില്‍നിന്നും ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദം നേടി. അഭിനേതാവും ഗായികയുമായിരുന്ന അവര്‍ പ്രശസ്ത നാടകകൃത്തും ഇപ്റ്റയുടെ സ്ഥാപകരിലൊരാളുമായ ബിജോന്‍ ഭട്ടാചാര്യയെ കമ്മ്യൂണിസ്റ്റുപാര്‍ട്ടിയുടെ കലാവേദിയില്‍വച്ച് കണ്ടുമുട്ടി, പ്രണയിച്ച് വിവാഹം കഴിച്ചുവെങ്കിലും 1959-ല്‍ വേര്‍പിരിഞ്ഞു. അറിയപ്പെടുന്ന കവിയും നോവലിസ്റ്റുമായിരുന്ന മനീഷ് ഘടക്കും എഴുത്തുകാരിയും സാമൂഹ്യപ്രവര്‍ത്തകയുമായിരുന്ന ധരിത്രിഘടക്കുമാണ് അവരുടെ അച്ഛനുമമ്മയും. പ്രശസ്ത ബംഗാളി എഴുത്തുകാരനായ നാബുരന്‍ ഭട്ടാചാര്യ മകനും.
വിവാഹമോചനത്തെ തുടര്‍ന്ന് കല്‍ക്കട്ട സര്‍വ്വകലാശാലയില്‍നിന്നും ബിരുദാനന്തരബിരുദം നേടുകയും 1969-ല്‍ ബിജോയ്ഖര്‍ കലാലയത്തില്‍ അദ്ധ്യാപികയായി ജോലിയില്‍ പ്രവേശിക്കുകയും ചെയ്തു. ബാക്കിവന്ന നേരമത്രയും എഴുത്തിനും സാമൂഹ്യപ്രവര്‍ത്തനത്തിനുമായി പകുത്തുനല്‍കി. പിന്നീടാണ് അവരുടെ ശ്രേഷ്ഠമായ കൃതികള്‍ പിറന്നത്. 1956 -ല്‍ എഴുതിയ ത്സാന്‍സി റാണിയാണ് ആദ്യകൃതി. ബീഹാറിലെ പലമാവു ജില്ലയിലെ ആദിവാസിമേഖലയില്‍ നടത്തിയ സന്ദര്‍ശനമാണ് അവരുടെ ജീവിതത്തെയും എഴുത്തിനെയും ആകെ മാറ്റിമറിച്ചത്. തുടര്‍ന്ന് ബീഹാര്‍, മദ്ധ്യപ്രദേശ്, ഛത്തീസ്ഗഢ് എന്നിവിടങ്ങളിലെ ആദിവാസികളുടെ ക്ഷേമത്തിനായി പൊരുതുന്ന സാമൂഹ്യപ്രവര്‍ത്തക കൂടിയായി മാറുകയായിരുന്നു അവര്‍. അതുകൊണ്ടുതന്നെ എഴുത്തുകളില്‍ ഏറിയപങ്കും അരികുവത്കരിക്കപ്പെട്ടവരെക്കുറിച്ചായിരുന്നു. ആദിവാസികള്‍ അനുഭവിക്കുന്ന ക്രൂരമായ അടിച്ചമര്‍ത്തലുകള്‍, ജാതീയമായ ഉച്ചനീചത്വങ്ങള്‍, ഉദ്യോഗസ്ഥരുടെ അഴിമതികള്‍ തുടങ്ങിയവ കാല്‍പനികതയ്ക്കപ്പുറം പച്ചയായി പകര്‍ത്തുകയായിരുന്നു അവര്‍ കഥകളിലൂടെ ചെയ്തത്. ആദിവാസി സ്വാതന്ത്ര്യസമര നേതാവായിരുന്ന ബിര്‍സമുണ്ടയുടെ ജീവിതത്തെ അധികരിച്ചുള്ള ആരണ്യ അധികാര്‍ തുടങ്ങിയ നോവലുകള്‍ ഇക്കാലത്ത് എഴുതപ്പട്ടവയാണ്. 1967-ല്‍ നക്‌സല്‍ബാരി പ്രസ്ഥാനം ആരംഭിച്ചപ്പോള്‍ അവര്‍ക്ക് അതിനോട് അനുഭാവമുണ്ടായിരുന്നു. മകന്‍ അതില്‍ സജീവമായി പങ്കെടുക്കുകയും ചെയ്തു. ഇക്കാലത്തെ അനുഭവങ്ങളില്‍നിന്നാണ് അവരുടെ സുപ്രധാന കൃതിയായ ‘ഹജാര്‍ ചുരാഷിര്‍ മാ’ എന്ന നോവല്‍ എഴുതിയത്. ‘1084-ന്‍റെ അമ്മ’ എന്ന പേരില്‍ കെ.അരവിന്ദാക്ഷന്‍ ഇത് മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയിട്ടുണ്ട്. 1977-ല്‍ എഴുതിയ ‘ ആരണ്യേര്‍ അധികാര്‍’ 1984-ല്‍ എഴുതിയ ‘ബ്യാധ്ഖണ്ടാ’ എന്നിവ ‘ആരണ്യത്തിന്‍റെ  അധികാരം’, ‘മുകുന്ദന്‍റെ താളിയോലകള്‍’ എന്നീ പേരുകളില്‍ ലീലാസര്‍ക്കാരും ബാലസാഹിത്യ കൃതിയായ ‘ദി വൈ വൈ ഗേള്‍’ ‘ഒരു എന്തിനെന്തിനു പെണ്‍കുട്ടി’ എന്ന പേരില്‍ സക്കറിയയും മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തിട്ടുണ്ട്. അഗ്നി ഗര്‍ഭ, ത്സോട്ടീ മുണ്ട ഏവം ഥാര്‍ ഥീര്‍, ബഷി ടുഡു, തിത്തു മിര്‍, ദ്രൗപതി, രുധാലി എന്നിവയാണ് അവരുടെ മറ്റുപ്രധാന കൃതികള്‍. 1956 മുതല്‍ 2016 വരെ നീളുന്നു അവരുടെ എഴുത്തുകാലം. നോവലുകളും കഥകളും നാടകങ്ങളും കവിതകളും ലേഖനങ്ങളും ബാലസാഹിത്യവും ഒക്കെയായി നൂറിലേറെ പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ഇടതുപക്ഷ രാഷ്ട്രീയം ഉയര്‍ത്തിപ്പിടിച്ചിരുന്നപ്പോഴും ചില സംഭവങ്ങളില്‍ മുഖ്യധാരാ ഇതുപക്ഷത്തോട് ശക്തമായ വിയോജിപ്പുകള്‍ പ്രകടിപ്പിക്കാനും പലപ്പോഴും തുറന്നെതിര്‍ക്കാനും മടികാണിക്കാത്ത മഹാശ്വേതാദേവി അക്രമരാഷ്ട്രീയത്തിനെതിരെ നിലകൊണ്ടു. കേരളത്തില്‍ വല്ലാര്‍പാടം പദ്ധതിയുമായി ബന്ധപ്പെട്ട കുടിയിറക്കല്‍ പ്രശ്‌നത്തിലും ചാലക്കുടിപ്പുഴയെ നശിപ്പിക്കുന്ന പദ്ധതിക്കെതിരെയും കാതികൂടം നിറ്റ ജലാറ്റിന്‍ കമ്പനിയുടെ മലിനീകരണത്തിനെതിരെയും പൊക്കാളി പാടങ്ങളുടെ നശീകരണത്തിനെതിരെയും അവര്‍ ശക്തമായി പ്രതികരിച്ചു. ടി.പി.ചന്ദ്രശേഖരന്‍ വധത്തെ അപലപിക്കുകയും വീട്ടിലെത്തി അദ്ദേഹത്തിന്‍റെ  ഭാര്യയെ ആശ്വസിപ്പിക്കുകയും കോഴിക്കോടുനടന്ന പ്രതിഷേധയോഗം ഉത്ഘാടനനംചെയ്യുകയും ചെയ്തു.
അനേകപതിറ്റാണ്ടുകള്‍ ആദിവവാസികള്‍ക്കും പ്രകൃതിക്കും കാടിനും വേണ്ടി പോരാടിയ എഴുത്തുകാരിയായിരുന്നു അവര്‍. ആരണ്യേര്‍ അധികാര്‍ എന്ന കൃതി 1979-ലെ കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡ് നേടി. 1986-ല്‍ പത്മശ്രീ, 1996-ല്‍ ജ്ഞാനപീഠം, 1997-ല്‍ മാഗ്‌സസെ അവാര്‍ഡ്, 2006-ല്‍ പത്മവിഭൂഷണ്‍, 2011-ല്‍ പശ്ചിമബംഗാള്‍ ഗവണ്മെന്റിന്‍റെ  ഏറ്റവും ഉയര്‍ന്ന സിവിലിയന്‍ ബഹുമതിയായ ബംഗാബിഭൂഷണ്‍ തുടങ്ങി രാജ്യത്തിലെ പരമോന്നത ബഹുമതികളെല്ലാം മഹാശ്വേതാദേവിയെ തേടിയെത്തി.
തൊണ്ണൂറു വയസ്സുവരെ നീണ്ടുനിന്ന ആ പോരാട്ടജീവിതത്തിന് അന്ത്യം കുറിച്ചുകൊണ്ട് 2016 ജൂലൈ 28-ന് മരണം കടന്നുവന്നു. അനീതികള്‍ക്കെതിരെ ഉയര്‍ന്ന ആ പെണ്‍സ്വരം കാലത്തിന്‍റെ കൈകളില്‍ ഉറക്കമായിട്ട് ഒരുവര്‍ഷം കഴിഞ്ഞിരിക്കുന്നു.